തിരുവനന്തപുരം: മേനംകുളം കിൻഫ്രാ പാർക്കിൽ ജോലി ചെയ്യുന്ന 14 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കിൻഫ്ര പാർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 96 ആയി. ഇന്നലെ ഇവിടെ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡിൻ്റെ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാർ കോട്ട, പേരൂർക്കട ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടത്തെ കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.