തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുന്നത്. അതേസമയം തുടര്‍ച്ചയായ ഒമ്പതാം ദിവസം 100 കടന്ന സംസ്ഥാനത്ത് ഇന്ന് മാത്രം 195 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിലെ കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇന്ന് മാത്രം 195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 

പ്രവാസികളേറെ നാട്ടിലേക്ക് തിരിച്ചെത്തിയ മലപ്പുറത്ത് 10 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇന്ന് മാത്രം മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതേ സമയം ഇന്നലെ 7 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. അതില്‍ 5 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരായിരുന്നു.