തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുട്ടി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൂൾ പൂട്ടിയ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി കുളിക്കാൻ ഇറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിൻ്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാ‍ർത്ഥി സിമ്മിംഗ് പൂളിൽ കുളിച്ചത്. പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. പനിയും തലവേദനയും ശക്തമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥി. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാ‍ർത്ഥി.

പുതിയ കണക്ക് പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് രം​ഗത്തെത്തി. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു. പുതിയ കണക്ക് പ്രസിദ്ധീകരിച്ചു. തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. ഈ കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തിരുത്തലുമായി ആരോ​ഗ്യവകുപ്പ് എത്തിയത്. 

രോഗം സ്ഥിരീകരിച്ചത് ആകെ 66 പേർക്ക്

ആകെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആകെ 19 പേർക്ക് രോഗബാധയും 7 മരണവും സ്ഥിരീകരിച്ചു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക്ക് മസ്തിഷ്ക ജ്വരമാണോ എന്ന പരിശോധന കേരളം നടത്തുന്നുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഇത്രയും ദിവസവും സംശയകണക്കിൽ പെടുത്തി മരണം മറച്ചുവച്ചത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രോഗബാധ പ്രതിരോധത്തിന് കണക്കുകളിലെ വ്യക്തത അനിവാര്യമാണ്. 

YouTube video player