എറണാകുളം: നെട്ടൂരില്‍ 19കാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിനി നിവ്യ, ഇടുക്കി ആനച്ചാല്‍ സ്വദേശികളായ ജൻസണ്‍, വിഷ്ണു എന്നിവരെയാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  

കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച നെട്ടൂര്‍ സ്വദേശി ഫഹദ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് നിവ്യ  ഉള്‍പ്പെടെയാണ് ഇന്ന് പിടിയിലായവര്‍.

കുത്താനുപയോഗിച്ച കത്തിയും ഒപ്പം കഞ്ചാവുമായി വടകര സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ എത്തിയത്. വൈറ്റില മരട് സ്വദേശിയായ 19കാരൻ ഫഹദിനെയാണ് ഗൂഢാലോചന നടത്തി കൊല ചെയ്തത്. വടകര സ്വദേശിയായ 25-കാരി അനില മാത്യുവും മരട് സ്വദേശി അതുല്‍ എഎസുമാണ് കഴിഞ്ഞ ദിവസം പിടിയിലാവര്‍. 

ഈ മാസം 12നാണ് ഫഹദ് കൊല്ലപ്പെട്ടത്. ഏതാനും മാസം മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ശ്രുതിയെന്ന പെണ്‍കുട്ടിയെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ സംഘവും ഫഹദിന്‍റെ സംഘവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ഫഹദിനേയും കൂട്ടരേയും എതിർഘം വിളിച്ചുവരുത്തി. തുടര്‍ന്നായിരുന്നു കൊലപാതകം.