വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 25 കിലോയോളം പഴകിയ ചൂരമീൻ ആണ് ഇന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം ആവശ്യമായ രീതിയിൽ ശീതീകരിച്ച് സൂക്ഷിക്കാതിരുന്നതായും പരിശോധനയിൽ കണ്ടെത്തി. പഴകിയ മത്സ്യം പിടിച്ചെടുത്ത ആരോഗ്യവിഭാഗം തുടർനടപടികളും സ്വീകരിച്ചു. നേരത്തെയും പലതവണ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു.

പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, പുന്നമൂട് മത്സ്യമാർക്കറ്റിന് സമീപത്തെ ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കുറഞ്ഞ ജിഎസ്എം ഉള്ള 52 കിലോയോളം പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. ആരോഗ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.