തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജലകരാർ വിഷയത്തിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ചക്കെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്കെതിരെ പ്രതിഷേധമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 25 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പകവല്ലി നദി സംരക്ഷണ സമിതി നേതാവ് പെരുമാള്‍ അടക്കമുള്ളവരെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വച്ച് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട് ക്യുബ്രാഞ്ച് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ കസ്റ്റഡി. എന്നാൽ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകാനായി എത്തിയതെന്നാണ് കസ്റ്റഡിയിലെടുത്തവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി മടങ്ങിയ ശേഷമേ ഇവരെ വിട്ടയക്കുകയുളളൂവെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.

അന്തര്‍സംസ്ഥാന നദീജലകരാർ വിഷയത്തിൽ തിരുവനന്തപുരത്ത് വൈകീട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം കിട്ടാത്തതാണ് പ്രധാന തർക്ക വിഷയം. കരാർ പുതുക്കുന്നതും നദീജല കരാർവ്യവസ്ഥകൾ എത്രത്തോളം പാലിച്ചു എന്നതും ചർച്ചയാകും.

മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം എം മണി, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. തമിഴ്നാട് വൈദ്യുതി മന്ത്രി പി തങ്കമണി, ഗ്രാമവികസന മന്ത്രി എസ് പി വേലുമണി, പരിസ്ഥിതി മന്ത്രി കെ സി കറുപ്പണ്ണന്‍ തുടങ്ങിയവരും യോഗത്തിനെത്തിയിട്ടുണ്ട്.