കൊച്ചി നഗരത്തിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇവരിൽ നിന്ന് 26 കിലോയിലധികം കഞ്ചാവ് പിടികൂടി. നഗരത്തിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനകളിൽ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിലായി. ഇവരിൽ നിന്ന് 26 കിലോയിലധികം കഞ്ചാവ് പിടികൂടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ ഐ.പി.എസ്, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഏലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിലാണ് 14.130 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റാംജാൻ മൊണ്ടൽ (33) പിടിയിലായത്. മുട്ടാർ ഭാഗത്തുള്ള സ്ക്രാപ്പ് കടയിൽ സാധനങ്ങൾ ശേഖരിച്ച് നൽകുന്ന ജോലിയാണ് ഇയാൾ ചെയ്തുവന്നത്. സ്ക്രാപ്പ് ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന മുച്ചക്രവാഹനത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുകയായിരുന്നു. മഞ്ഞുമ്മൽ ജനതാ ഭാഗത്തുവെച്ചാണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്.
ഓഗസ്റ്റ് 31-ന് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 12.152 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. രണ്ട് സംഭവങ്ങളിലുമായി 26 കിലോയിലേറെ കഞ്ചാവ് പിടികൂടിയതോടെ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന പ്രധാന വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ലഹരിക്കടത്തിനും വിൽപ്പനയ്ക്കും എതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷണർ, ലഹരിവസ്തുക്കളുടെ വിതരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ പോലീസിന് കൈമാറണമെന്നും അഭ്യർത്ഥിച്ചു.


