ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. 

കൊച്ചി : കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിയുന്നു. ശക്തികുളങ്ങര, ചെറിയഴീക്കൽ, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. ആദ്യം കണ്ടെയിനർ അടിഞ്ഞ കരുനാഗപള്ളി ചെറിയഴീക്കൽ തീരത്താണ്. ജനങ്ങൾ ജാഗ്രത തുടരണമെന്നും കണ്ടെയിനറുകൾക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പ് നൽകി. കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 

കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും

കപ്പൽ മുങ്ങി കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും.
1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.

ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടയ്നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.

YouTube video player