Asianet News MalayalamAsianet News Malayalam

ആറുവയസ്സുകാരി അബിഗേലിനായി വ്യാപക തെരച്ചില്‍; കസ്റ്റഡിയിലെടുത്ത 3 പേരെയും വിട്ടയച്ചേക്കും

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

3 people who were taken into custody may be released on abigel sarah reji sts
Author
First Published Nov 28, 2023, 9:45 AM IST

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഓയൂരിൽ നിന്നും ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽ വെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഒരു നാടുമുഴുവനും ആറ് വയസ്സുകാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വീടുകളടക്കം കയറിയാണ് പരിശോധന. ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയിരുന്നു. 10 ലക്ഷം രൂപയാണ് ഫോൺ വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്. എല്ലാ തരത്തിലുമുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

കണ്‍ട്രോള്‍ റൂം നമ്പര്‍: 112
വിവരങ്ങള്‍ അറിയിക്കാന്‍: 9946923282

Latest Videos
Follow Us:
Download App:
  • android
  • ios