Asianet News MalayalamAsianet News Malayalam

നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച കുട്ടിയുടെ രാസപരിശോധന ഫലത്തിൽ വിശ്വാസമില്ലെന്ന് കുടുംബം

മറ്റ് ശാരീരിക അസ്വസ്ഥതകൾ ഒന്നും പ്രകടിപ്പിക്കാത്ത കുട്ടിക്ക് മണിക്കൂറുകൾ കൊണ്ട് എങ്ങനെ ആണ് ന്യുമോണിയയോ ശ്വാസതടസവും വന്നതെന്നുള്ള സംശയത്തിൽ ആണ് ബന്ധുക്കൾ. 

3 year old boy who died in aluva famil against chemical examination result
Author
Kochi, First Published Aug 21, 2020, 10:19 PM IST

കൊച്ചി: നാണയം വിഴുങ്ങി ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മൂന്ന് വയസുകാരന്റെ രാസപരിശോധന ഫലത്തിൽ വിശ്വാസമില്ലെന്ന് കുട്ടിയുടെ അമ്മ നന്ദിനിയും ബന്ധുക്കളും. ഫലത്തിൽ പറയുന്ന പോലെ ന്യുമോണിയയോ ശ്വാസതടസമോ ഇല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റ് ശാരീരിക അസ്വസ്ഥതകൾ ഒന്നും പ്രകടിപ്പിക്കാത്ത കുട്ടിക്ക് മണിക്കൂറുകൾ കൊണ്ട് എങ്ങനെ ആണ് ന്യുമോണിയയോ ശ്വാസതടസവും വന്നതെന്നുള്ള സംശയത്തിൽ ആണ് ബന്ധുക്കൾ. രാസപരിശോധന ഫലം പുറത്തുവന്ന വിവരം മാധ്യമങ്ങളിൽ കൂടി മാത്രമാണ് കുട്ടിയുടെ അമ്മ നന്ദിനിയും മറ്റ് ബന്ധുക്കളും അറിഞ്ഞത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഏത് അറ്റം വരെ പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.

ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാജുവിന്‍റെയും നന്ദിനിയുടെയും ഏകമകനാണ് നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ ഒന്നാം തീയതി മരിച്ചത്. കുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാന്പിൾ രാസ പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടായതാണ് മരണ കാരണമെന്ന് കണ്ടെത്തിയത്. എന്നാൽ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വസതടസ്സം ഉണ്ടായതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 

ആന്തരിക അവയവ പരിശോധനയിൽ രാസ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിക്ക് മുൻപും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയമുണ്ട്. രണ്ട് തവണ ഇതിന് ചികിത്സ തേടിയതായി  പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സ നൽകാതെ നാണയം മലത്തോടൊപ്പം പുറത്ത് പോകുമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നായിരുന്നു പരാതി.

വീട്ടിലെത്തിയതിന് പിന്നാലെയാണ് കുട്ടി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ ഒരു രൂപയുടെയും അമ്പത് പൈസയുടെയും രണ്ട് നാണയങ്ങൾ കുട്ടിയുടെ വൻകുടലിൽ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ആശുപത്രികളിൽ കുട്ടിയെ പരിശോധിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൊഴി രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios