മലപ്പുറം: മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചേലേമ്പ്ര പാറയിൽ 300 പേരോട് നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തവരോടാണ് നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശിച്ചത്. വെള്ളിയാഴ്ചയാണ് കാവന്നൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ പത്താം തിയ്യതി മരിച്ച അബ്ദുള്‍ഖാദ‍ര്‍ മുസ്ലിയാര്‍ എന്നയാളുടെ മരണാനന്തരചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്. മരിച്ചയാളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 300 ഓളം പേര്‍ ഇവിടെ എത്തിയിരുന്നതായാണ് വിവരം. 300 പേര്‍ പങ്കെടുത്ത മരണാനന്തരച്ചടങ്ങ് നടത്തിയത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വ്യക്തമാണ്. ഈ പ്രദേശത്തെ കടകളടക്കം അച്ചിടാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ  രോഗം സ്ഥിരീകരിച്ചത്. ഇതിൽ 565 പേര്‍ നിലവിൽ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്. 

കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണ്. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം   വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം, 4709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.