Asianet News MalayalamAsianet News Malayalam

മഴക്കെടുതിയിൽ  മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം, +1 താത്കാലിക ബാച്ചുകൾ; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വിളേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.

5 lakh compensation for kin of those killed in rain related incidents and plus one seat  kerala cabinet meeting decisions
Author
Kerala, First Published Oct 27, 2021, 11:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ (Kerala cabinet). കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി. പുറംപോക്ക് ഭൂമയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും.പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.

 +1 താത്കാലിക ബാച്ചുകൾ അനുവദിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ (plus one seat ) കുറവ് പരിഹരിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനം. പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനുംതീരുമാനിച്ചു.നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% ആയി ഉയർത്തും. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ദ്ധന അനുവദിക്കും.

നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20 ശതമാനം വരെ വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും  അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്‍റെ 20 ശതമാനം സീറ്റ് വരെ വര്‍ദ്ധനവ് അനുവദിക്കും.

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്‍റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപ ബാങ്ക് വായ്പയില്‍ അടക്കാന്‍ ബാക്കിയുള്ള തുകയില്‍ സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചു.

വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനില്‍ സന്തോഷിന്‍റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്‍റെ രണ്ട് മക്കളെയും സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുവാനും തീരുമാനിച്ചു.

 

Follow Us:
Download App:
  • android
  • ios