50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.  ഹർഷവർധന് കത്തയച്ചു.  

തിരുവനന്തപുരം: 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് കത്തയച്ചു. കൊവിഡ് പ്രതിരോധത്തിനായി 45 ദിന കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ദിവസം രണ്ട് ലക്ഷം പേർക്ക് വരെ വാക്സിൻ കുത്തിവയ്പ്പ് നടത്തിയതായും, ഇത് മൂന്ന് ലക്ഷം വരെയായി വർധിപ്പിക്കാൻ പദ്ധതി രൂപികരിച്ചതായും മുഖ്യമന്ത്രി കത്തിൽ പറയുന്നു. 

ഇതുവരെ 56 ലക്ഷത്തി എൺപത്തി നാലായിരത്തി മുന്നൂറ്റി അറുപത് ഡോസ് വാക്സിൻ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 48 ലക്ഷത്തി ഇരുപത്തിനാലായിരത്തി അഞ്ഞൂറ്റി അഞ്ച് ഡോസ് ഏപ്രിൽ 11 വരെ നൽകി കഴിഞ്ഞു. അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷൻ നടത്താൻ വാക്സിൻ തികയില്ല. ഈ ദൌർലഭ്യം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ വാക്സിനേഷൻ സാധാരണഗതിയിൽ നടത്താൻ 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തിരമായി അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ കത്ത് ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

കേരളവും വാക്സീൻ ക്ഷാമത്തിലേക്ക് പോവുകയാണ്. കൂടുതൽ വാക്സീൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്ക്ക്സീൻ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചിരുന്നു.