കേരളത്തിൽ 648 പേർ നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ മലപ്പുറം ജില്ലയിൽ 110 പേരും, പാലക്കാട് 421 പേരും, കോഴിക്കോട് 115 പേരും, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ഉൾപ്പെടുന്നത്. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ആകെ 30 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.