Asianet News MalayalamAsianet News Malayalam

'സ്‌ട്രോക്ക്, കിഡ്‌നി തകരാർ, ന്യൂമോണിയ, എല്ലിന് പൊട്ടൽ'; 84 കാരന്റെ കൊവിഡ് മുക്തിയിൽ കേരളത്തിന് അഭിമാനം

പ്രായാധിക്യത്തോടൊപ്പം ഇത്രയേറെ പ്രയാസങ്ങള്‍ ഒന്നിച്ചു വന്നിട്ടും അതെല്ലാം ഭേദമാക്കിയാണ് 84 കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

84 year old man recovered coronavirus in kozhikode medical college
Author
Kozhikode, First Published Apr 25, 2020, 9:01 PM IST

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 84 കാരനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ തിരിച്ചുവരവ് അഭിമാനകരം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തിന്റെ സമര്‍പ്പണ ബോധത്തോടെയുള്ള വിദഗ്ധ ചികിത്സയും മികച്ച പരിചരണവുമാണ് ഇദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. 

ഒരു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്ന ഇദ്ദേഹം കൊവിഡ് 19ന് പുറമെ കിഡ്‌നി തകരാറും കടുത്ത ന്യൂമോണിയയും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളേജിലെത്തിയത്. വീട്ടില്‍ വീണ് കാലിന്റെ എല്ല് പൊട്ടിയതനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മറ്റ് അസുഖങ്ങള്‍ ഗുരുതരമായതോടെ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അവിടെ നിന്ന് കൊവിഡ് കൂടി സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് വിട്ടത്. മെഡിക്കല്‍ കോളേജില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തി പോസിറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷം കിഡ്‌നി തകരാര്‍, ന്യൂമോണിയ, കാലിന്റെ എല്ലിലെ പൊട്ടൽ ഉള്‍പ്പെടെയുള്ള എല്ലാ അസുഖങ്ങള്‍ക്കും ഏറ്റവും മികച്ച ചികിത്സയും പരിചരണവും നല്‍കി.

ഇതിനിടെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായി. പ്രായാധിക്യത്തോടൊപ്പം ഇത്രയേറെ പ്രയാസങ്ങള്‍ ഒന്നിച്ചു വന്നിട്ടും അതെല്ലാം ഭേദമാക്കിയാണ് 84 കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

മെഡിസിന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘത്തെ തന്നെ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നിയോഗിക്കുകയും എല്ലാ ദിവസവും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിദഗ്ധ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സജീത്ത് കുമാര്‍ പറഞ്ഞു. 24 മണിക്കൂറും അടുത്ത് നിന്ന് നിരീക്ഷിക്കുകയും നിരന്തരം രക്തപരിശോധനയും മറ്റും നടത്തുകയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ വിദഗ്ധ പരിചരണം ഉറപ്പാക്കുകയും ചെയ്തു.

കാന്റീനിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ നഴ്‌സിംഗ് സൂപ്രണ്ടുമാരും നഴ്‌സുമാരും മറ്റും അവരുടെ സ്വന്തം വീടുകളില്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നാണ് ഇദ്ദേഹത്തിന് ട്യൂബ് വഴി ഭക്ഷണം നൽകിയത്. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ സമര്‍പ്പണത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് 84 കാരന്റെ രോഗമുക്തി. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ പിന്നീട് രണ്ട് തവണ പരിശോധിച്ച് നെഗറ്റീവായാലാണ് രോഗമുക്തി ഉറപ്പാക്കുന്നതെങ്കില്‍, ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ മൂന്ന് തവണ പരിശോധിച്ച് ഉറപ്പുവരുത്തിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സജീത്ത് കുമാര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios