കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. 

തിരുവനന്തപുരം: സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. 

പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ വർഷങ്ങളായുള്ള കോടാനുകോടിയുടെ കടം നികത്തി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിലെ വരവും ചെലവും തമ്മിലുള്ള അന്തരം നോക്കിയാണിത് പറയുന്നത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിന്‍റനൻസ് എന്നിവയെല്ലാം കണക്കാക്കിയാൽ ഓടുന്ന ഓരോ വണ്ടിയും പ്രവർത്തന ലാഭത്തിലാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഏറ്റവും പിന്നോക്കം നിന്നിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും മുന്നിൽ കയറിയെന്ന് മന്ത്രി വിശദീകരിച്ചു. 

വണ്ടികൾ കൃത്യമായും കൃത്യ സമയത്തും ഓടിക്കാൻ കഴിയുന്നതുകൊണ്ടും ബ്രേക്ക് ഡൌണ്‍ കുറഞ്ഞതുകൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്. ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണിത്. പല ഡിപ്പോകളും കൊടിയ നഷ്ടത്തിൽ നിന്നാണ് കരകയറി വന്നത്. ഈ ചരിത്ര നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

'അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്, കൈ തെളിയാൻ ഇനി വേറെ പൈസ കൊടുക്കേണ്ടിവരില്ല': സന്തോഷം പങ്കുവെച്ച് ഗണേഷ് കുമാർ

അഭിമാന പദ്ധതി, രണ്ടര വർഷം കൊണ്ട് 6,38,322 തൊഴിലവസരങ്ങൾ; എംഎസ്എംഇ രംഗത്ത് ചരിത്ര നേട്ടവുമായി കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം