കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ കെ സുധാകരന് അറിയില്ലെന്ന് എ എ റഹീം ഇടുക്കിയില്‍ പറഞ്ഞു. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്നും എ എ റഹീം കുറ്റപ്പെടുത്തി.
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ (Idukki Engineering College) എസ്എഫ്ഐ (SFI) പ്രവർത്തകൻ ധീരജിന്‍റേത് (Dheeraj) ആസൂത്രിത കൊലപാതകമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം. കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ കെ സുധാകരന് അറിയില്ലെന്ന് എ എ റഹീം ഇടുക്കിയില്‍ പറഞ്ഞു. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്നും എ എ റഹീം കുറ്റപ്പെടുത്തി.
കൊലപാതകത്തെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇതാണ് കൂടുതൽ ക്രൂരം. സംഭവത്തില്‍ കല്പിത കഥകൾ മെനയാന് സുധാകരൻ ശ്രമിക്കുകയാണെന്നും പ്രകോപനം അഴിച്ചുവിടാൻ കെഎസ്‍യുവും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നെന്നും എ എ റഹീം കുറ്റപ്പെടുത്തി. കൊലക്കത്തിയില്ലാതെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ല. ഗുണ്ടാ സംഘങ്ങളിലൂടെ അക്രമ രാഷ്രീയത്തിലൂടെ കേരളം പിടിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും എ എ റഹീം കുറ്റപ്പെടുത്തി.
നീരജിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന് പി ജയരാജൻ ആരോപിച്ചു. വിദ്യാർത്ഥികൾ അല്ല കൊലപാതകം നടത്തിയത് എന്നത് ആസൂത്രണത്തിലെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവർക്കും കുത്തേറ്റത് നെഞ്ചിലാണ്. പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നുവെന്നും പി ജയരാജന്‍ ആരോപിച്ചു. സുധാകരൻ പ്രസിഡന്റ് ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലാണ്. സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. ഈ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
