ജെഎന്‍യു സര്‍വകലാശാലയെ കുറിച്ച് മോശമായ പ്രതികരണം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് നെല്ലിക്കാത്തളം വയ്ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഏതൊരു ക്യാമ്പസിലും നടക്കുന്ന കാര്യങ്ങള്‍ മാത്രമേ നടക്കുന്നുള്ളുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അവിടെ അസ്വഭാവികമായി ഒന്നുമില്ല. അങ്ങനെ ആരോപിക്കുന്നതിന്‍റെ പിന്നില്‍ രാഷ്ട്രീയമാണുള്ളത്. തല്ലുകളെ ഒന്നും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍, ഒരു ക്യാമ്പസിനെ മാത്രം കടന്നാക്രമിക്കുന്നതിന്‍റെ പിന്നില്‍ രാഷ്ട്രീയമാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ക്യാമ്പസില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്. 

എസ്എഫ്ഐക്കും ആ നിലപാടാണുള്ളത്. അത് യൂണിവേഴ്സിറ്റി കോളജിലുണ്ടാകണം, അത് പോലെ എം ജി കോളജിലും ഉണ്ടാകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റഹീം പറഞ്ഞു. വാളയാര്‍ കേസില്‍ സര്‍ക്കാരില്‍ ഡിവൈഎഫ്ഐക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ വിശ്വാസം തെറ്റിയിട്ടില്ലെന്നാണ് കേസില്‍ പിന്നീടുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. നിര്‍ഭയ കേസിന് ശേഷം ഇത്തരം കേസുകളില്‍ വേഗത്തില്‍ അന്വേഷണം നടത്തി ശിക്ഷിക്കുന്ന സംസ്ഥാനം കേരളമാണ്. 

എ എ റഹീം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

പിണറായി വിജയനെ ഡിവൈഎഫ്ഐക്ക് ഭയമാണോ എന്ന ചോദ്യത്തിന് ഇത്തരമൊരു കേസില്‍ ഭരിക്കുന്ന പാര്‍ട്ടിയോ ഭരിക്കുന്ന മുഖ്യമന്ത്രിയോ സംഘടനയ്ക്ക് പ്രശ്നമല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്താണോ ഉയര്‍ന്ന് വരുന്ന പ്രശ്നം, അതില്‍ സര്‍ക്കാര്‍ ജനാധിപത്യപരമായ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരു സമരത്തിന്‍റെ ആവശ്യമില്ല. മറിച്ച്, സര്‍ക്കാര്‍ തെറ്റായി പ്രവര്‍ത്തിച്ചാല്‍ ഡിവൈഎഫ്ഐ ഇടപെടുമെന്നും റഹീം വ്യക്തമാക്കി. 

ജെഎന്‍യു സര്‍വകലാശാലയെ കുറിച്ച് മോശമായ പ്രതികരണം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് നെല്ലിക്കാത്തളം വയ്ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ആക്ഷേപങ്ങളേറി വരുമ്പോള്‍ പുതിയ തലമുറയിലെ സിനിമക്കാര്‍ എല്ലാം ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പറയാനാവില്ലെന്ന് റഹീം പറഞ്ഞു. 

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. ഈ വിഷയത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഒരു റോളുണ്ട്. ലഹരി ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമല്ല, അങ്ങനെ പറയുന്നുണ്ടേല്‍ അത് കൈയില്‍ വച്ചാല്‍ മതി. ഡിവൈഎഫ്ഐയുടെ ജാഗ്രതാസമിതികള്‍ ലഹരി ഉപയോഗം തടുക്കുന്നതിന് പൊലീസിനെയും എക്സൈസിനെയുമെല്ലാം സഹായിച്ചിട്ടുണ്ട്. ഇനി സിനിമ സെറ്റില്‍ കയറാനും മടിയൊന്നുമില്ലെന്നും റഹീം പറഞ്ഞു.