ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനായ അന്വേഷണ കമ്മിഷനെ കൊണ്ട് ,ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കി. ജസ്റ്റിസ് ശിവരാജനെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നും ആഹ്വാനം 

കോട്ടയം:സോളാര്‍ അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ നീക്കം. ആദ്യ ഘട്ടമെന്നോണം കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ സദസില്‍ എ ഗ്രൂപ്പിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ശിവരാജനെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍റെ ആഹ്വാനം. സോളാര്‍ അന്വേഷണ കമ്മിഷനെതിരെ സിപിഐ നേതാവ് സി.ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന വിമര്‍ശനം എ ഗ്രൂപ്പ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും സിപിഎം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ഗ്രൂപ്പിന് സ്വാധീനമുളള കോട്ടയത്ത് ജനകീയ സദസ് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിച്ചത്.

കോട്ടയം ഡിസിസിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും എം.എം.ഹസനും,ബെന്നി ബെഹനാനും,കെ.സി.ജോസഫും,പി.സി.വിഷ്ണുനാഥും ഉള്‍പ്പെടെ എ ഗ്രൂപ്പ് നേതാക്കളെല്ലാം പരിപാടിയുടെ ഭാഗമായി.ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനായ അന്വേഷണ കമ്മിഷനെ കൊണ്ട് ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയ സിപിഎമ്മും മുഖ്യമന്ത്രിയും കേരള സമൂഹത്തോട് മാപ്പു പറയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.എ ഗ്രൂപ്പിനോട് അകന്നു നില്‍ക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകിയാണ് പരിപാടിക്കെത്തിയത്. ശിവരാജനെ അന്വേഷണ കമ്മിഷനാക്കുന്നതിനെ തുടക്കം മുതല്‍ താന്‍ എതിര്‍ത്തിരുന്നെന്ന് വേദിയില്‍ ആവര്‍ത്തിച്ച തിരുവഞ്ചൂരിന്‍റെ വാക്കുകളില്‍ എ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്കെതിരായ പരോക്ഷ വിമര്‍ശനത്തിന്‍റെ മുനയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എ ഗ്രൂപ്പ് സംസ്ഥാനമുടനീളം ഉമ്മന്‍ചാണ്ടിക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചുളള കൂട്ടായ്മകള്‍ നടത്താനുളള നീക്കത്തിലാണ്.