Asianet News MalayalamAsianet News Malayalam

വാളയാര്‍ പീഡനക്കേസ്: അപ്പീലിനുള്ള സാധ്യത പരിശോധിക്കുമെന്ന് എ കെ ബാലന്‍

പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു.  അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് സൂചന. 

A.K Balan says they will consider about the possibility of going appeal on Walayar rape case
Author
Pathanamthitta, First Published Oct 26, 2019, 3:50 PM IST

പാലക്കാട്: വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എ കെ ബാലന്‍. വിധിപകര്‍പ്പ് ലഭിച്ചതിന് ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ അതുപരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ വി മധു, ഷിബു, എം മധു എന്നീ പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. 

കേരളം ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് സൂചന. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.

2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാർച്ച് 4 ന്  സഹോദരിയായ  ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ  നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ  സസ്പെന്‍റ് ചെയ്തു. 

കോടതി ആദ്യം  കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ  വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു. ഇനിയുളളത് പ്രായപൂർത്തിയാവാത്ത പ്രതിയുടെ കേസ് മാത്രമാണ്. അടുത്ത മാസം പകുതിയോടെ വിധിയുണ്ടാകുമെന്നാണ് സൂചന.  അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന ആരോപണം ഗൗരവമായാണ് പൊലീസും കാണുന്നത് .
 

Follow Us:
Download App:
  • android
  • ios