Asianet News MalayalamAsianet News Malayalam

ബഷീറിന്‍റെ മരണം; അപകടമുണ്ടാക്കിയത് ശ്രീറാമിന്‍റെ അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപാനത്തെക്കുറിച്ച് മിണ്ടാതെ ഗതാഗത മന്ത്രി

ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിക്കുന്നത്. 

A K Saseendran says Sriram Venkitaraman driving caused accident
Author
trivandrum, First Published Nov 11, 2019, 11:28 AM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ മരിക്കാന്‍ കാരണമായ അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പി കെ ബഷീറിന്‍റെ ചോദ്യത്തിന് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് പി കെ ബഷീറിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നില്ല. ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിക്കുന്നത്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. 

സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെന്‍റ് ചെയ്തു.  ശ്രീറാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചായിരുന്നു ശ്രീറാം നല്‍കിയ മറുപടി. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്‍റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാക്കണമെന്നും മറുപടിയിൽ പറഞ്ഞിരുന്നു.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലവാധി 60 ദിവസത്തിനുളളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിന്‍റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിക്കുകയും ചെയ്‍തിരുന്നു. 

Follow Us:
Download App:
  • android
  • ios