തിരുവനന്തപുരം: ലോക്ക് ഡൗണിൽ ജോലിക്ക് പോകാൻ കഴിയാതെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സഹായമായി പൊലീസ് ഉദ്യോ​ഗസ്ഥർ. തിരുവനന്തപുരം ജില്ലയിലെ പാലോട് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം 2000 രൂപ കടം തരുമോഎന്ന് ചോദിച്ച് ഒരു കുടുംബമെത്തിയത്. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബം പട്ടിണിയിലാണെന്നായിരുന്നു വീട്ടമ്മ പാലോട് എസ്ഐയ്ക്ക് നൽകിയ കത്തിന്റെ ഉള്ളടക്കം. 

പെരിങ്ങമലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. മക്കൾ പഠിക്കുന്നത് പ്ലസ് ടൂവിലും നാലിലും. ടിസി വാങ്ങാൻ പോലും പണമില്ല. 2000 രൂപ കടം തരണം. വീട്ടുജോലിക്ക് പോയ ശേഷം തിരികെ തന്നുകൊള്ളാം. ഇതായിരുന്നു സ്റ്റേഷനിലെത്തിയ വീട്ടമ്മ നൽകിയ കത്തിൽ എഴുതിയിരുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഇവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതാണെന്നും കുട്ടികൾ അന്നേ ദിവസം രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും അറിയാൻ കഴിഞ്ഞതായി ഫേസ്ബുക്ക് കുറിപ്പിൽ പൊലീസ് പറയുന്നു. ഒരുമാസത്തെ വീട്ടുസാധനങ്ങൾ കൂടി വാങ്ങി നൽകിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ ഇവരെ തിരിച്ചയച്ചത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് കേരള പൊലീസ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
.