Asianet News MalayalamAsianet News Malayalam

'ഷംസീറിന്‍റെ ഭാര്യയായതിനാൽ മാത്രം വേട്ടയാടുന്നു, എനിക്ക് യോഗ്യതയുണ്ട്', ഡോ. സഹല പറയുന്നു

'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഇപ്പോൾ അഭിമുഖം നടത്തുന്നതെന്തിനാണെന്ന് പറയേണ്ടത് താനല്ല, സ‍ർവകലാശാലയാണ്. ശുപാർശ വഴിയാണെങ്കിൽ നേരത്തേ ജോലി കിട്ടണ്ടതായിരുന്നു', സഹല ഏഷ്യാനെറ്റ് ന്യൂസിനോട്.

a n shamseer mla wife dr pm sahala exclusive
Author
Kannur, First Published Apr 17, 2021, 12:52 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അനധികൃതമായി നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന ആരോപണത്തിൽ രൂക്ഷപ്രതികരണവുമായി എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി എം സഹല. തനിക്ക് മതിയായ യോഗ്യതകളുള്ളതുകൊണ്ടാണ് കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി അസിസ്റ്റന്‍റ് ഡയറക്ടർ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഇത്തരത്തിൽ വിവാദം ഉണ്ടായത് കൊണ്ട് മാത്രം ഈ അഭിമുഖത്തിൽ നിന്ന് പിൻമാറില്ലെന്നും ഡോ. സഹല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നേരത്തേ കണ്ണൂർ സർവകലാശാലയിലെ പെഡഗോഗിക്കൽ സയൻസസിലെ എംഎഡ് വിഭാഗത്തിൽ ഡോ. സഹലയെ കരാറടിസ്ഥാനത്തിൽ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂർ സ‍ർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി കരാറടിസ്ഥാനത്തിൽ നിയമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഉത്തരവ്.

എന്നാൽ ഇത്തവണ വിവാദമായിരിക്കുന്നത് കണ്ണൂർ സ‍ർവകലാശാലയിലെത്തന്നെ മറ്റൊരു പദവിയാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കെത്തന്നെ, കണ്ണൂർ സർവകലാശാലയിൽ പി എം ഷഹലയെ ചട്ടങ്ങൾ മറികടന്ന് യുജിസി എച്ച്ആർഡി സെന്‍ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. 

എന്നാൽ, ഈ ജോലിക്ക് അപേക്ഷിക്കാൻ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്ന് ഡോ. സഹല പറയുന്നു. ഡയറക്ടർ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴും അസിസ്റ്റന്‍റ് ഡയറക്ടർ  നിയമനം മാത്രം എന്തിന് നടത്തുന്നത് എന്ന് വിശദീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് ഇന്‍റർവ്യൂ നടത്തുന്നത് എന്തിനെന്ന് പറയേണ്ടതും സ‍ർവകലാശാലയാണ്. താനല്ല. 

ശുപാർശ വഴിയായിരുന്നെങ്കിൽ തനിക്ക് നേരത്തേ ജോലി കിട്ടിയേനേ എന്നാണ് സഹല പറയുന്നത്. വിവാദമുണ്ടായ ഉടൻ പിൻമാറാൻ താൻ തയ്യാറല്ലെന്നും സഹല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്തായിരുന്നു നിയമനവിവാദം?

2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്‍റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ച്ആർഡി സെന്‍ററിലെ തസ്തികകൾ  താൽക്കാലികമാണെങ്കിലും അസിസ്റ്റന്‍റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓൺലൈൻ ഇന്‍റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയാണ് അയച്ചിരിക്കുന്നത്. 

കുസാറ്റ് അടക്കമുള്ള മറ്റ് സർവകലാശാലകളിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്‍റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്‍റർവ്യൂവിന് ക്ഷണിക്കാറുള്ളൂ എന്നിരിക്കേ, കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്‍റെ ഭാര്യയെ കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്‍റർവ്യൂ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നത് തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്‍റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നൽകിയത്.

ഇന്‍റർവ്യൂവിന് ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക്‌ നൽകി നിയമിക്കുന്നതാണ്‌ കാലിക്കറ്റ്‌, സംസ്കൃത, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. കേരളത്തിലെ ഒരു സർവ്വകലാശലയിലെ എച്ച്ആർഡി സെന്‍ററിലും സ്ഥിര നിയമനം ഇല്ലെന്നിരിക്കെ കണ്ണൂരിൽ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.

Follow Us:
Download App:
  • android
  • ios