തിരുവനന്തപുരം: വിഡി സതീശൻ എംഎൽഎ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകൊട്ടയിൽ എറിയണം എന്ന് എ പ്രദീപ് കുമാർ എംഎൽഎ. ചാനലുകളിൽ ദിവസങ്ങളായി നിരന്തരം പുറത്തുവിട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ് വിഡി സതീശൻ ഉന്നയിച്ചത്. അതിലപ്പുറം ഷെക്സ്പിയറിന്റെ കുറച്ച് ഉദ്ധരണികളുമാണ് ഉണ്ടായിരുന്നതെന്നും എംഎൽഎ പരിഹസിച്ചു.

ചില അവതാരങ്ങളെ കുറിച്ച് തിരുവഞ്ചൂർ പറഞ്ഞു. എന്നാൽ ചില അവതാരങ്ങൾ പറഞ്ഞത് ഇവിടെ കൊണ്ടുവന്ന് അവതരിപ്പിക്കുകയാണ് ചെയ്തത്. അഭിമാനപൂർവം സർക്കാരിനെ പിന്തുണയ്ക്കുന്നു. പിണറായി സർക്കാരിനെ പിന്തുണക്കാൻ ലഭിച്ച അവസരം പൊതുജീവിതത്തിലെ അഭിമാനം.

സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകുന്ന സർക്കാരാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ നെഞ്ചുറപ്പോടെ നിലപാടെടുക്കുന്ന സർക്കാർ കേരളം മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാമെന്ന് കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം തൊഴിലാലികൾക്ക് ഒപ്പം നിന്ന് ചെറുത്തു. അതിപ്പോൾ കേരളത്തിന് കൈമാറാനുള്ള നീക്കം നടക്കുന്നു. ഇൻസ്ട്രുമെന്റേഷൻ പാലക്കാട്, തൊഴിൽ നിയമം ദുർബലപ്പെടുത്താനുള്ള നയം തുടങ്ങി എല്ലാത്തിലും സംസ്ഥാനം വിരുദ്ധ നിലപാട് കൈക്കൊണ്ടു.

തിരുവനന്തപുരം വിമാനത്താവളം ബിഡിൽ പങ്കെടുക്കാതെ നേടാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് എന്താണെന്ന് വ്യക്തമാക്കണം. സംസ്ഥാനം ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണ് എടുത്തത്. കോടതിയിൽ കേസും കൊടുത്തു. എന്നാൽ തിരുവനന്തപുരം എംപിയുമായ കോൺഗ്രസ് നേതാവ് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ അനുകൂലിക്കുന്നു. അതേക്കുറിച്ച് എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു. 

സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ അതേക്കുറിച്ച് കെഎം ഷാജിയും വിഡി സതീശനും മിണ്ടിയില്ല. ഇത് യുഡിഎഫിന് പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ബാന്ധവം മൂലമാണ്. നയതന്ത്ര ബാഗേജ് വഴിയാണ് ഇത് വന്നത്. അങ്ങിനെയല്ലെന്ന് വാദിച്ചത് ഒരു കേന്ദ്ര സഹമന്ത്രിയാണ്. അന്വേഷണത്തിന്റെ മെറിറ്റിലേക്ക് കടന്ന് സൂചനകൾ നൽകിയ കേന്ദ്ര സഹമന്ത്രിക്കെതിരെ ഇവിടെയും ചാനൽ ചർച്ചയിലും ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പ്രദീപ് കുമാർ ചോദിച്ചു.

ചാനൽ ചർച്ചയിൽ കോൺഗ്രസും ബിജെപിയും വിവരം കൈമാറുന്നു. ഇത് കണ്ട് ഐയുഎംഎല്ലിന്റെ ഫിലമെന്റ് അടിച്ചുപോയി. നാല് യുഡിഎഫ് സർക്കാരുകൾക്ക് സാധിക്കാത്ത കാര്യമാണ് പിണറായി സർക്കാർ 16000ത്തിലധികം തസ്തികകൾ സൃഷ്ടിച്ച്  നടപ്പിലാക്കിയത്. സമയബന്ധിതമായി നിയമനം കൊടുക്കാതെ പിഎസ്‌സി ലിസ്റ്റ് നീട്ടിനീട്ടിക്കൊടുക്കുകയാണ് ഉമ്മൻചാണ്ടി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ നീട്ടുന്നത് പിന്നാലെ വരുന്നവരോടുള്ള നീതി നിഷേധമല്ലേയെന്നും അദ്ദേഹം ചോദിച്ചു.