തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത എംസി കമറുദ്ദീൻ എംഎൽഎയെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി കൺവീനർ. എംസി കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലീം ലീഗ് കൂട്ടുനിൽക്കുകയാണെന്ന് എ വിജയരാഘവൻ വിമർശിച്ചു. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോളാർ കേസിൽ കുറ്റം ചെയ്തവരെ സ്വാഭാവികമായി അറസ്റ്റ് ചെയ്യും. അത് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കും. രാഷ്ട്രീയ തീരുമാനമല്ല ഉണ്ടാവേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണ്. വിവിധ കേസുകളിൽ പ്രതികളായ യുഡിഎഫിന്റെ മറ്റ് എംഎൽഎമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഈ കേസുകളിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു.

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും. കമറുദ്ദീനെതിരെ പതിമൂന്ന് കോടിയുടെ തട്ടിപ്പിന് തെളിവുണ്ട്. ഇവ ശേഖരിക്കാൻ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു പ്രൊസിക്യൂഷന്‍റെ വാദം. ഇത് പരിഗണിച്ച് രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു. 

കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവില കടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്. കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കിൽ അതിൽ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.