Asianet News MalayalamAsianet News Malayalam

'സമരം കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്നുള്ള നിയമനത്തിനായി'; ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ സിപിഎം

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് കൂടുതൽ ശിഥിലമാകും. യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകുമെന്ന് വിജയരാഘവൻ പറഞ്ഞു.

a vijayaraghavan against psc rank holders protest
Author
Thiruvananthapuram, First Published Feb 20, 2021, 10:50 AM IST

കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അസാധ്യമായ ക‌ാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവർ തന്നെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർക്കാരിനെ തിരുത്തി സിപിഎം എന്ന വാർത്തയെക്കെതിരെയും വിജയരാഘവൻ രംഗത്തെക്കി. വാർത്ത കൊടുത്തവരല്ലേ അതിൻ്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു.

യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകുമെന്ന് വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് കൂടുതൽ ശിഥിലമാകും. യുഡിഎഫ് അപവാദ വ്യവസായം നടത്തുകയാണ്. രാഷ്ട്രീയേര വിവാദങ്ങൾ ചില മാധ്യമങ്ങളെ കൊണ്ട് സൃഷ്ടിക്കുന്നു. സ്വർണക്കള്ളടത്തിൻ്റെ പേരിൽ നുണക്കഥ പ്രചരിപ്പിച്ചു. അത് നാട്ടിൽ ചെലവായില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും കേരളത്തിൽ സ്വീകാര്യത കിട്ടിയില്ല. ആസൂത്രിതമായ ആക്രമണം നടത്തുന്നു. ഗൂഢാലോചനയിൽ നിന്ന് മാത്രമേ അക്രമ സമരമുണ്ട‌ാകൂ. സ്വ‌ാഭാവികമായി ഉണ്ടാവില്ല. യഥാർത്ഥത്തിൽ ഇത് സമരമാണോ എന്നും വിജയരാഘവൻ ചോദിച്ചു. 2016 ലും ശക്തമായ നിലയില‌ാണ് ഇന്ന് എൽഡിഎഫെന്നും കേരളത്തിൽ പിണറായിയുടെ നേതൃത്തിൽ തുടർഭരണം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങിയത്. സ്വർണക്കടത്തിൽ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോൺഗ്രസ് ബിജെപി ബന്ധത്തിൻ്റെ അടിത്തറ ശക്തമാണ്. എൽഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മൻചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്. വിസ്മയകരമായ വികസന കുതിച്ചുചാട്ടം കേരളത്തിലുണ്ടായി. ബിജെപിയുമായി യുഡിഎഫ് കേരളത്തിൽ സൗഹൃദം പങ്കിടുന്നു. എല്ലാവർഗീയതയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയമാണ് യുഡിഎഫിൻ്റേതെന്നും വിജയരാധവര്‍ വിമര്‍ശിച്ചു. എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിനെതിരെയും വിജയരാഘവൻ രംഗത്തെത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. സർക്കാരിന് കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാൻ പറഞ്ഞു. അതിൽ കൂടുതൽ ഒന്നും ചെയ്തില്ല. മൽസ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകൾ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ആഴക്കടൽ മൽസ്യബന്ധനമേഖല കോർപ്പറേറ്റ് വൽക്കരിച്ചു. മെട്രോമാൻ ശ്രീധരൻ നല്ല എഞ്ചിനീയറാണ്. നല്ല നിർമാണങ്ങൾ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിൻ്റെ മേഖല. ചരിത്രബോധമില്ലെന്ന് പ്രസ്താവനയിൽ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാൾ ഇപ്പോൾ ആരുടെ കൂടെയാണെന്നും ബിജെപിയിൽ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവൻ ചോദിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ബാലിശമായ അഭിപ്രായം. നമ്മുടെ വ്യക്തിത്വം പാർട്ടിയാണ്. എന്നെ കുറിച്ച് പറയുന്നവർ സിപിഎമ്മിനെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios