തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മുസ്ലിം ലീഗിനെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിച്ച റഹീം, ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ആരോപിച്ചു.

ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള നീക്കം യുഡിഎഫും ബിജെപിയും നടത്തുന്നു. മുസ്ലിം ലീഗ് ജനിതകമാറ്റം സംഭവിച്ച വൈറസായി മാറി. വെറും ലീഗല്ല താലിബാൻ ലീഗാണ്. ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി . ഔഫിന്റെ കൊലപാതകം പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചതാണെന്നും റഹീം കുറ്റപ്പെടുത്തി.

ഔഫെന്ന അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കൊലയാളി സംഘാംഗമായ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലെന്നാണ് വിവരം. ഔഫിന്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. മൃതദേഹം സ്വദേശമായ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകീട്ട് കല്ലൂരാവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.