കണ്ണൂ‍‍ർ: എ.പി.അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ സംസ്ഥാനത്തെ നേതാക്കൾക്ക് മുറുമുറുപ്പുണ്ടെങ്കിലും പരസ്യ പ്രതിഷേധത്തിന് ആർക്കും ധൈര്യമില്ല. അതേസമയം കേരളത്തിന് കിട്ടിയ അംഗീകാരമാണ് പദവിയെന്ന് അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സിപിഎമ്മും കോൺഗ്രസും ചാടിക്കടന്നെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ആദ്യം നൽകിയത് സംസ്ഥാന ഉപാധ്യക്ഷ കസേര. പാ‍‍ർട്ടി മാറി വർഷമൊന്നായില്ല, സിപിഎമ്മിന്റെ പഴയ അത്ഭുതക്കുട്ടി ബിജെപിക്ക് അബ്ദുള്ളക്കുട്ടി ജീയായി. . ഇവിടുള്ള ഗ്രൂപ്പുകളുമായൊക്കെ തുല്ല്യ അകലം പാലിക്കുന്ന അബ്ദുള്ളക്കുട്ടിയാകട്ടെ നേട്ടം കേരളത്തിന്റെ അക്കൗണ്ടിലാക്കി മുറിവുണക്കാൻ നോക്കുന്നു.

കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിന് സംസ്ഥാന നേതൃത്വത്തെയാണ് ദേശീയ നേതാക്കൾ നിരന്തരം പഴി പറയുന്നത്. ഈഴവ സമുദായത്തെ ലക്ഷ്യം വച്ചുള്ള ബിഡിജെഎസ് പരീക്ഷണവും പാളി.  നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മറുകണ്ടം ചാടാൻ തയ്യാറുള്ളവരെ ആകർഷിക്കാൻ അബ്ദുള്ളക്കുട്ടി അനുഭവം എടുത്തുകാട്ടാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഒപ്പം മുസ്ലിം ന്യൂനപക്ഷത്തിനെതിരാണ് പാർട്ടിയെന്ന വിമർശനത്തിന് ദേശീയ തലത്തിലും പ്രതിരോധം തീർക്കാം. എന്നാൽ ദില്ലിയിലേക്ക് വണ്ടികയറുന്ന അബ്ദുള്ളക്കുട്ടിയുടെ ഖൽബിലുള്ള പൂതിയെന്തെന്നതാണ് മില്യൻ ഡോളർ ചോദ്യം.