ദില്ലി: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യത്തിൽ ഫാ. പുതൃക്കയിലിന്‍റെ പങ്ക് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്‍റെ സുഹൃത്താണ് എന്നതുകൊണ്ടുമാത്രം ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ല. കേസിലെ വിചാരണ നിര്‍ത്തിവെക്കാനാകില്ലെന്നും ജസ്റ്റിസുമാരായ അബ്ദുൾ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ കോടതി വ്യക്തമാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച നാലരക്ക് ഫാ. പുതൃക്കയിൽ കോണ്‍വെന്റിൽ എത്തിയതിലെ സാക്ഷിമൊഴിയടക്കം ജോമോൻ പുത്തൻപുരക്കൽ കോടതിയെ അറിയിച്ചു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.