തിരുവനന്തപുരം/ കോട്ടയം: നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് തോമസ് കോട്ടൂര്‍. അഭയക്കേസിൽ കുറ്റക്കാരനെന്ന് വിധി വന്ന ശേഷമാണ് തോമസ് കോട്ടൂരിന്‍റെ പ്രതികരണം. കുറ്റം ചെയ്തിട്ടില്ല .ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും ഫാദര്‍ കോട്ടൂര്‍ പ്രതികരിച്ചു. കുറ്റക്കാരെന്ന വിധി വന്നതോടെ കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും വൈദ്യ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ നിന്നാണ് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. 

കോടതി വിധിയോട് പ്രതികരിക്കാൻ സിസ്റ്റര്‍ സെഫി തയ്യാറായില്ല. കോടതി മുറിയിൽ തോമസ് കോട്ടൂര്‍ ഭാവഭേദം ഇല്ലാതെ ഇരുന്നപ്പോൾ വിധി കേട്ട സെഫി പൊട്ടിക്കരഞ്ഞു. ഇവിടെ വായിക്കാം: കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് സെഫി; ഭാവ വ്യത്യാസം ഇല്ലാതെ കോട്ടൂര്‍...
 

അതേ സമയം അഭയാ കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ ക്ലാനായ സഭാ ആസ്ഥാനത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിധിയോടുള്ള പ്രതികരണം അറിയിക്കാൻ ഇത് വരെ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഒരു പക്ഷേ ഉച്ചക്ക് ശേഷം സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.