തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന സിസ്റ്റര്‍ അഭയ കേസിൽ നാളെ വിധി വരാനിരിക്കെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കാ രാജു. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെണ്‍ത്ത് കോണ്‍വെന്‍റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും കണ്ടെന്ന് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. എസ്പി മൈക്കിളിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു പറയുന്നു. ഇതാദ്യമായാണ് രാജു ഒരു മാധ്യമത്തിന് മുന്നില്‍ എത്തുന്നത്.  അഭയകേസ് വിധി നാളെ വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. 

കേരളം ഏറെ ചര്‍ച്ച ചെയ്ത സിസ്റ്റർ അഭയയുടെ കൊലപാതക കേസിൻറെ വിധി നാളെ പറയും. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെൻറിൻറെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വർഷങ്ങള്‍ക്കു ശേഷമാണ് രാജ്യം തന്നെ ഒറ്റുനോക്കുന്ന നിർണായക വിധി വരുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതള്ളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്. 

സിബിഐ കേസെടുറ്റെടുത്തെങ്കിലും 16 വർഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാർക്കോ അനാലസിസ്റ്റ് ടെസ്റ്റിൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യത്തെ മൂന്നു പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്. അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിബിഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി സാമുവലിന് പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേർത്തു.

സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. ഫാ.ജോസ് പുതൃക്കയിലിൻറെയും കെടി.മൈക്കളിൻറെയും വിടുതൽ ഹർജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നും കോടതി ഒഴിവാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസ്സപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. വിചാരണ തുടരാൻ സുപ്രീംകോടതി നിർദ്ദേശത്തതിനെ തുടർന്നാണ് തിരുവനന്തപുരം കോടതിയിൽ സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.