എസി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല, തിരുവനന്തപുരത്തെത്തി; അസൗകര്യം ഇഡിയെ അറിയിച്ചു
എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ രാവിലെ പറഞ്ഞിരുന്നു

തൃശ്ശൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീൻ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി ഉടൻ തീരുമാനമെടുക്കും. ഉടൻ തന്നെ എസി മൊയ്തീന് നോട്ടീസ് നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ രാവിലെ പറഞ്ഞിരുന്നു. ഇദ്ദേഹം കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടാവില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ന് ഹാജരായാൽ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ആരോപണം.
അതിനിടെ തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ ഇ ഡി പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെ 8.15ന് തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. കൊള്ളപ്പലിശക്കാരൻ പി സതീഷ് കുമാർ 40 കോടി രൂപ ബാങ്കിൽ വെളുപ്പിച്ചെന്നാണ് വിവരം. തൃശ്ശൂർ സഹകരണ ബാങ്കിൽ 17 മണിക്കൂറോളം ഇഡി റെയ്ഡ് നീണ്ടു. പുലർച്ചെ രണ്ട് മണിയോടെ റെയ്ഡ് അവസാനിച്ചു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയെന്നും ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എംകെ കണ്ണൻ പിന്നീട് അറിയിച്ചു.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live