കൊല്ലം: അപകടങ്ങൾ തുടർക്കഥയായ കൊല്ലം ബൈപ്പാസിൽ വീണ്ടും അപകടം. കല്ലുന്താഴത്ത് കാർ ആംബുലൻസിലിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് പൂര്‍ണമായും കത്തി നശിച്ചു. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. അമിതവേഗത്തിലെത്തിയ കാറാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. 

പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന വരികയായിരുന്ന ആംബുലൻസില്‍ കൊച്ചിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് തലകീഴായി മറിഞ്ഞു. ഡീസൽ ടാങ്കിന്‍റെ ഭാഗത്താണ് കാര്‍ വന്നിടിച്ചത്. തുടര്‍ന്ന് തീപിടിച്ച ആംബുലൻസ് കത്തി  നശിച്ചു.

 

തീ പിടിച്ച ഉടൻ ആംബുലൻസ് ഡ്രൈവര്‍ രോഗിയെ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ അയത്തിലേയും കൊട്ടിയത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.