Asianet News MalayalamAsianet News Malayalam

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു; രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം രണ്ട് മരണം

വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Accident Karipur airport
Author
Karipur, First Published Aug 7, 2020, 8:20 PM IST

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടു. റൺവേയിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളർന്നു. ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് 1344 നമ്പർ വിമാനമാണ് അപകടത്തിൽപെട്ടത്. 167 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ടേബിൾ ടോപ് റൺവേയാണ് കരിപ്പൂരിലേത്. മംഗലാപുരത്ത് മുൻപ് നടന്ന വിമാന അപകടത്തിന് തുല്യമായ അപകടമാണ് സംഭവിച്ചത്. കനത്ത മഴയുണ്ടായിരുന്നു. റൺവേയിൽ മുന്നോട്ട് കയറിയാണ് വിമാനം ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. രാത്രി 7.38 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ രക്ഷിക്കാൻ നാട്ടുകാരും ഫയർ ഫോഴ്സും തീവ്ര ശ്രമം തുടരുകയാണ്. ജില്ലാ കളക്ടർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

താഴ്ചയിലേക്ക് വീണ വിമാനം വാതിലിന്റെ ഭാഗത്ത് നിന്ന് രണ്ടായി പിളർന്നു. കോക്പിറ്റ് മുതൽ മുൻഭാഗത്തെ വാതിൽ വരെയുള്ള ഭാഗം മുറിഞ്ഞു. രണ്ട് പേർ മരിച്ചതായി സ്ഥിരീകരികാത്ത വിവരമുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ഇത് വരെ 20 പേരെ എത്തിച്ചു.

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത്. ദീപക് വസന്ത് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്.

Follow Us:
Download App:
  • android
  • ios