പുല്‍പ്പള്ളി: വയനാട് കാപ്പിസെറ്റിൽ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി പിടിയിൽ. കർണാടക വനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കനാരംപുഴ സ്വദേശി ചാർളിയെയാണ് വനത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ പുൽപ്പള്ളി പൊലീസ് പിടികൂടിയത്. കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി മുതൽ ഇയാൾ കാട്ടിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു.   

വെള്ളിയാഴ്ച രാത്രിയാണ് വസ്തുവിന്‍റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് ശേഷം അയല്‍വാസികളായ രണ്ട് പേരെ ചാര്‍ളി വെടിവെച്ചത്. ചാര്‍ളിയുടെ വെടിയേറ്റ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍  സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിധിന് ഇടതു നെഞ്ചിലും കിഷോറിന് വയറിനുമാണ് വെടിയേറ്റത്. ലൈസൻസില്ലാത്ത നാടൻ തോക്ക് വച്ചായിരുന്നു ചാർളി വെടിവച്ചതെന്ന് പൊലീസ് പറയുന്നു. 

ഇവരെ വെടിവച്ച ശേഷം രാത്രിയോടെ കര്‍ണാടക വനത്തിലേക്ക് കടന്ന ചാര്‍ളിക്ക് നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കാട്ടില്‍ വര്‍ഷങ്ങളായി സഞ്ചരിച്ച് പരിചയമുള്ള ചാര്‍ളി വിവിധ മൃഗങ്ങളെ വേട്ടയാടിയതടക്കം കേസുകളില്‍ പ്രതിയാണെന്നും കർണാടകയിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.