തൃശ്ശൂര്‍: അന്തിക്കാട് നിധില്‍ കൊലക്കേസ് പ്രതികളുടെ ജാമ്യഹര്‍ജികള്‍ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതികളായ സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ് , ധനേഷ് , പ്രജിത്ത് , സ്മിത്ത് , നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണം. നിധിലും സുഹൃത്തും പണം പലിശയ്ക്ക് കൊടുത്തിരുന്നു. ഇത് തങ്ങളുടെ വട്ടിപ്പലിശ ബിസിനസ്സിന് ഭീഷണിയാകുമെന്ന് കരുതിയാണ് പ്രതികള്‍ നിധിലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ  പ്രതിയായിരുന്നു കൊല്ലപ്പെട്ട നിധില്‍.  ജാമ്യത്തിലിറങ്ങിയ നിധിലിനെ ഒക്ടോബര്‍ പത്തിന് മങ്ങാട്ടുകര വട്ടുകളത്ത് വെച്ച് കാറില്‍ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ വന്ന ശനിയാഴ്‍ചയാണ് പ്രതികള്‍ നിധിലിനെ കൊലപ്പെടുത്തുന്നത്. മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു കൊലപാതകം. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം പൊലീസിന്‍റെയും ഗോവ പൊലീസിന്‍റെയും സഹായത്തോടെയായിരുന്നു അന്വേഷണം.