പത്തനംതിട്ട: ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്‍റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു. ശനിയാഴ്‍ച്ചയാണ് ആറന്മുളയിൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിർത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിച്ചത്. 

അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്‍റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം. 

അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ്  പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.