കോഴിക്കോട്: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം വിമതന്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒളിവില്‍ കഴിയുന്ന കാവുംഭാഗം സ്വദേശികളായ വിപിൻ, ജിതേഷ്, മിഥുൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. 

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ  വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  

തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു