2023 ഓഗസ്റ്റ് 24 നായിരുന്നു തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആദർശിന് മർദനമേറ്റത്
തിരുവനന്തപുരം:റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ എസ്എഫ്ഐ പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ആറു മാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന റാഗിങ് മര്‍ദനത്തിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. തിരുവനന്തപുരം ഗവ.സംസ്കൃത കോളജിൽ എസ്എഫ്ഐക്കാരിൽ നിന്നും വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ ആറുമാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാവാന്‍ പൊലീസിന് കഴിഞ്ഞില്ല. സിപിഎം നേതാവും പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എസ് ബിന്ദുവിന്‍റെ മകൻ എസ് ആദർശിനായിരുന്നു ക്രൂര മർദനമേറ്റത്.
2023 ഓഗസ്റ്റ് 24 നായിരുന്നു ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആദർശിന് മർദനമേറ്റത്. ക്ലാസ് മുറിക്കുള്ളിൽ ഏഴംഗസംഘം ക്രൂരമായി മർദിച്ചെന്നായിരുന്നു മൊഴി. ഹെൽമെറ്റും തടിക്കഷ്ണവും കൊണ്ടുള്ള മർദനത്തിൽ താടിയെല്ല് തകർന്ന് ശരീരമാസകലം മർദനമേറ്റ ആദർശ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർട്ടി കുടുംബമാണെങ്കിലും ബന്ധുക്കൾ സംഭവത്തിൽ പരാതി നൽകി. ആദ്യം പ്രതികളെ പിടികൂടാൻ നിസ്സംഗത കാട്ടി. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കി. എല്ലാ പ്രതികളെ കുറിച്ചും വിവരങ്ങൾ കൈമാറിയിട്ടും പൊലീസ് പിടികൂടിയത് മൂന്ന് പ്രതികളെ മാത്രം.
കേരള സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന എം.നസീം, എസ്എഫ്ഐ പ്രവർത്തകരായ ജിത്തു, സച്ചിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ദുർബല വകുപ്പുകൾ ചുമത്തി. പ്രതിഷേധം ശക്തമായതോടെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു. പക്ഷെ പ്രതികളെല്ലാം പിന്നീട് ജാമ്യത്തിലറങ്ങി. കേസിലെ ഒരു പ്രതി വിദേശത്ത് പോയി തിരിച്ചെത്തി. പാർട്ടി തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതും നടന്നില്ല.
സംഭവത്തെ തുടർന്ന് മർദനമേറ്റ ആദർശ് ബിരുദ പഠനം ഉപേക്ഷിച്ചു. നെയ്യാറ്റിൻകരയിൽ ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു. സംസ്കൃത കോളജിലെ ബെഞ്ചിലിരുന്നത് ഒരാഴ്ച മാത്രം. കേസിലെ മറ്റു നാലു പ്രതികൾ പൊലീസിന്‍റെ കയ്യകലത്തുണ്ടായിട്ടും പിടികൂടാത്തതെന്ത്കൊണ്ടെന്നാണ് പ്രധാന ചോദ്യം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ കുടുംബമോ മറ്റു പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വിശദീകരണം നൽകാൻ കന്‍റോൺമെന്‍റ് പൊലീസോ തയാറായില്ല.
