മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല,ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ

കോട്ടയം: സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അച്ചു ഉമ്മന്‍ രംഗത്ത്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി.മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.

സൈബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി അച്ചു ഉമ്മൻ

വികസനമാണ് പ്രചാരണ വിഷയമെങ്കിലും സൈബറിടങ്ങളിൽ പുതുപ്പളളിപ്പോര് അങ്ങനയെല്ല. സ്ഥാനാർത്ഥികളുടെ വ്യക്തി ജീവിതവും നടപ്പും സ്വത്തും അച്ഛന്‍റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളുടെ പേജുകളില്‍ പ്രചരിക്കുന്നു. ഏറ്റവുമൊടുവിൽ അച്ചു ഉമ്മനെതിരായ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സൈബർ പോരാളികളുടെ അതിരുവിടും പോസ്റ്റുകളെ ഇടത് സ്ഥാനാർത്ഥിയും തള്ളിയിട്ടുണ്ട്.