ജവാൻ റമ്മിന്റെ നിർമ്മാണം കുപ്പികളുടെ കുറവ് മൂലം തടസ്സപ്പെട്ട വിവരം സർക്കാരിനെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്നും എക്സൈസ് മന്ത്രി എം ലിജു അറിയിച്ചു
തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാൻ ബ്രാൻഡിന്റെ നിർമ്മാണം തടസ്സപ്പെട്ടത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമെന്ന് എക്സൈസ് മന്ത്രി എം ലിജു. ആവശ്യത്തിന് കുപ്പികൾ ഇല്ലാത്തതായിരുന്നു ഉൽപാദനം നിലയ്ക്കാനുള്ള പ്രധാന കാരണം. ഈ വിഷയം കൃത്യസമയത്ത് സർക്കാരിനെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്റെ നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിന്നൽ മാജിക്ക് എത്തില്ലേ?
അതേസമയം മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പുതിയ 'മിന്നൽ മാജിക്ക്' ബ്രാൻഡി മദ്യത്തിന്റെ ഉൽപാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാൻഡിന്റെ നിർമ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബ്രാൻഡിന്റെ നിർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളെല്ലാം നിലവിൽ എത്തിയിട്ടുണ്ടെങ്കിലും ഉൽപാദനം തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ഭരണകാലത്ത് ജനപ്രിയ ബ്രാൻഡി എന്ന നിലയിൽ അവതരിപ്പിച്ച 'മിന്നൽ മാജിക്ക്' പദ്ധതിയുമായി ഉടൻ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് പുതിയ സർക്കാരിന്റെ തീരുമാനം. മിന്നൽ മാജിക്കിന്റെ ഉൽപാദനം തുടങ്ങുന്നത് ഒന്നുകൂടി ആലോചിച്ച ശേഷമേ ഉണ്ടാകൂ എന്ന് മന്ത്രി എം. ലിജു വ്യക്തമാക്കിയതോടെ പദ്ധതിക്ക് പൂട്ട് വീഴുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മുൻ സർക്കാർ വലിയ തുക മുടക്കി യന്ത്രങ്ങൾ എത്തിച്ച സാഹചര്യത്തിൽ, പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുമോ അതോ ആവശ്യമായ ഭേദഗതികളോടെ നടപ്പാക്കുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് ജനപ്രിയ ബ്രാൻഡ് എന്ന നിലയിൽ പേരിടലിലടക്കം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയത് വലിയ വാർത്തയായിരുന്നു.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വിവാദത്തിലും എക്സൈസ് മന്ത്രിപ്രതികരിച്ചു. നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജവാൻ നിർമ്മാണം കുറഞ്ഞത് കെടുകാര്യസ്ഥതയുടെ ഫലമാണെന്നും ഇക്കാര്യത്തിൽ ട്രാവൻകൂർ ഷുഗേഴ്സിന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജവാൻ നിർമാണം തടസപ്പെട്ടത് കെടുകാര്യസ്ഥതയാണ്. കുപ്പികളുടെ കുറവാണ് പ്രധാന കാരണം. സർക്കാരിനെ കാര്യങ്ങൾ അറിയിച്ചില്ലെന്നും മന്ത്രി വിവരിച്ചു.

