Asianet News MalayalamAsianet News Malayalam

'വിശ്വാസം' തൊട്ടുകളിക്കേണ്ട, വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എക്ക് സിപിഐയുടെ പരസ്യശാസന

രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട  ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍

action against p balachandran MLA on controversial fb post
Author
First Published Jan 31, 2024, 5:20 PM IST

തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്‍ എം എല്‍ എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.തന്‍റെ  ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്‍റെ  ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്‍ട്ടി വിലയിരുത്തിയത്.

ഇത്തരം പ്രവര്‍ത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവരും പങ്കെടുത്തിരുന്നു. വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നതായും കെ കെ വത്സരാജ് വ്യക്തമാക്കി.

 

Latest Videos
Follow Us:
Download App:
  • android
  • ios