കൊച്ചി: കനത്ത വെള്ളക്കെട്ടിൽ കൊച്ചി നഗരം മുങ്ങിയപ്പോൾ എല്ലാ ദുരിതങ്ങൾക്കും വേലിയേറ്റത്തെ കുറ്റം പറഞ്ഞ കൊച്ചി കോർപ്പറേഷനെതിരെ ആ‌ഞ്ഞടിച്ച് നടൻ വിനായകൻ. കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണം. ജിസിഡിഎ എന്നൊരു കെട്ടിടമുയർന്ന് നിൽപ്പുണ്ടല്ലോ? പൊളിച്ചു കളയണം അത് - വിനായകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കൊച്ചിയിൽ സ്ഥിരതാമസമാക്കിയ താരങ്ങൾ പലരും വെള്ളക്കെട്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുമ്പോഴാണ് വിനായകന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. 

''ആദ്യം അവർ മറൈൻ ഡ്രൈവ് ഉണ്ടാക്കി. പിന്നെ ആ‌ർക്കോ വേണ്ടി മറൈൻ വാക്ക് ഉണ്ടാക്കി. ബോൾഗാട്ടിയുടെ മുന്നിൽ കുറച്ച് കൂടി കായൽ നികത്തി. ഇനി കൊച്ചി കായൽ കുറച്ച് കൂടിയേയുള്ളൂ. അതു കൂടി ഉടനടി നികത്തണം കേട്ടോ. അതു കൂടി നികത്തിക്കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്'', എന്ന് വിനായകൻ പറയുന്നു.

ആർക്ക് വേണ്ടിയാണ് തോടും കായലുമെല്ലാം കോർപ്പറേഷൻ നികത്താൻ സമ്മതിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നു. ''ഇതൊന്നും നന്നാകാൻ പോകുന്നില്ല. ആർക്കോ വേണ്ടി ഇവരിതെല്ലാം നികത്തി നികത്തി നികത്തി പോകുവാണ്. ആർക്ക് വേണ്ടിയാണ് ഇത് നികത്തുന്നത് ഇവിടെ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ? ഇവർക്കൊരു പ്ലാൻ ഇല്ലേ? ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും ഇതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ടല്ലോ? ഇത്രയും വിദ്യാഭ്യാസമുള്ള ഇവരിതെന്താണ് ചെയ്യുന്നത്?'', വിനായകൻ ചോദിക്കുന്നു. 

''ഇവിടെ ജിസിഡിഎ എന്നൊരു സ്ഥാപനമുണ്ട്. കോർപ്പറേഷൻ ഉണ്ട്. ഇവിടത്തെ കായലെവിടെ? തോടുകളെവിടെപ്പോയി? ഇതൊക്കെ ഇവരോട് തന്നെ ചോദിക്കണം'', എന്ന് വിനായകൻ. 

കൊച്ചിയിലെ വെള്ളക്കെട്ട് വേലിയേറ്റം കൊണ്ടാണെന്ന് ഹൈക്കോടതിയിൽ പറഞ്ഞ കോർപ്പറേഷനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു വിനായകൻ. ''വേലിയേറ്റവും വേലിയിറക്കവുമെല്ലാം ഈ നാട്ടിലുണ്ടാവുന്നതാണ്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നമല്ല. ഇവിടത്തെ തോടുകളൊന്നും കാണാനില്ല. ഇവിടത്തെ തോടുകളൊക്കെ ആ കാണുന്ന കാനകളായി മാറി. പനമ്പിള്ളി നഗർ നമ്മൾ കാണുന്നതല്ലേ? ഇവിടെ മുമ്പ് താമസിച്ചിരുന്ന നാട്ടുകാർ താമസിച്ചിരുന്ന സ്ഥലമൊന്നും ഇപ്പോ കാണാനില്ല. ഇവിടത്തുകാർ താമസിച്ചിരുന്ന ആ സ്ഥലമൊക്കെ എവിടെപ്പോയി? നാട്ടുകാരൊക്കെ അതിനപ്പുറത്തെ അഴുക്കിൽ കിടപ്പുണ്ട്. എന്‍റെ ബന്ധുക്കളടക്കമുണ്ടവിടെ'', വിനായകൻ പറയുന്നു.

എല്ലാ ഫണ്ടും കോർപ്പറേഷനും മറ്റ് സ്ഥാപനങ്ങളും കട്ടുമുടിച്ച് തീർക്കുകയാണ്. ഇനിയും ജനം സഹിക്കില്ല. ജനമിറങ്ങും, എന്നിട്ടിവരുടെയൊക്കെ വീട്ടിൽ കയറും - വിനായകൻ പറയുന്നു. 

''ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു. ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം. ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും. ഇതിലൊക്കെ തട്ടിപ്പ് നടത്തുന്ന, കാശടിച്ച് മാറ്റുന്ന ആളുകളുടെ വീട്ടിൽ ജനം കയറും. അത് ഇവരു തന്നെ ഉണ്ടാക്കി വയ്ക്കുന്നതാണ്'', എന്ന് വിനായകൻ. 

''വോട്ടിംഗ് ശതമാനം കുറഞ്ഞത് വെള്ളപ്പൊക്കം കൊണ്ടൊന്നുമല്ല, കോർപ്പറേഷൻ പിരിച്ചുവിടണ്ട സമയം കഴിഞ്ഞു. ജിസിഡിഎ എന്നൊരു കെട്ടിടമുണ്ടവിടെ. അത് തല്ലിപ്പൊളിച്ച് കളയണം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നാണ് ഇതിന്‍റെ പരിപാടി'', എന്ന് വിനായകൻ. 

വെള്ളക്കെട്ടിൽ ജനം വലഞ്ഞപ്പോൾ, വീട്ടിൽ വെള്ളം കയറിയ ചിത്രവും, അതേ സമയം എറണാകുളം എംപി ഹൈബി ഈഡൻ ഐസ്ക്രീം കഴിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്‍റെ ഭാര്യ അന്ന ലിൻഡ ഈഡൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ''വിധി ബലാത്സംഗം പോലെയാണ്. തടയാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക'', എന്ന അന്നയുടെ പോസ്റ്റ്, അതിലെ സ്ത്രീ വിരുദ്ധത കൊണ്ട് ഏറെ വിമർശിക്കപ്പെട്ടു. ഒപ്പം വലയുന്ന ജനങ്ങളെ അപഹസിക്കുന്നതായും വിലയിരുത്തപ്പെട്ടു. അച്ഛൻ സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഇട്ട പോസ്റ്റാണെന്നും മാപ്പു പറയുന്നുവെന്നും പറയുന്ന അന്നയുടെ പോസ്റ്റ് അതിലേറെ വിമർശവിധേയമായി.

വോട്ടെടുപ്പ് ദിവസം പോലും കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയ ദിവസം കൊച്ചി എംപിയുടെ കുടുംബാംഗങ്ങൾ തന്നെ ഇത്തരത്തിൽ പോസ്റ്റിട്ടത് ഒരു വശത്തും, ഹൈക്കോടതിയിൽ വെള്ളക്കെട്ട് വന്നതിൽ ഒരു പങ്കുമില്ലെന്ന കൊച്ചി കോർപ്പറേഷന്‍റെ വാദങ്ങളും വലിയ വിവാദമാകുമ്പോഴാണ് വിനായകന്‍റെ ഈ പ്രതികരണം വരുന്നത്.