ദിലീപിൻ്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിൻ്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിൻ്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കേസന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ ഫോണുകള്‍ മുംബൈയിൽ നിന്ന് വൈകീട്ടോടെ എത്തിക്കും. ദിലീപിന്‍റെ രണ്ട് ഫോണുകളാണ് മുബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനക്കയച്ചിട്ടില്ല. ഫോണുകൾ നാളെ രാവിലെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം. ദിലീപിൻ്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിൻ്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിൻ്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. എറണാകുളം എംജി റോഡിലെ മേത്ത‌ർ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ർ മാസത്തിലാണ് ഇവ‍ർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ.

Also Read: ദിലീപ് ഗൂഢാലോചന നടത്തിയത് ഷിപ് യാ‍ർഡിന് അടുത്തുളള ഫ്ലാറ്റിൽ; ക്രൈംബ്രാഞ്ച് മഞ്ജുവാരിയരോടും വിവരങ്ങൾ തേടി