പ്രോസിക്യൂഷന്‍റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Assault Case) സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി (High Court). സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തിനെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് പ്രോസിക്യൂഷന്‍റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു

പ്രോസിക്യൂഷന്‍റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. വിവാദങ്ങൾക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.

''ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്'', എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.