സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

ഹർജി ഹൈക്കോടതി തീർപ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയിൽ തുടങ്ങിയ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്. 

എന്നാൽ ഇന്നലെ, ആക്രമണം നേരിട്ട നടിയുടെ പേര് പറഞ്ഞുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വന്തം കുടുംബത്തിലുള്ളവരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് കോടതി ചോദിച്ചു. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പി സി ജോർജ് കരുതിയത് എന്ന് രൂക്ഷ ഭാഷയില്‍ ചോദിച്ച കോടതി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി.

പാഞ്ചാലിമാരുടെ കാലം കഴിഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പിന്നീട് പി സി ജോര്‍ജിന് പിന്‍വലിക്കേണ്ടി വരികയായിരുന്നു.

നേരത്തേ കേസിൽ വനിതാ ജഡ്‍ജി വേണ്ട എന്നും, കേസ് പരിഗണിക്കാൻ പ്രത്യേക കോടതി ആവശ്യമില്ല എന്നും കാണിച്ച് ദിലീപ് നൽകിയ ഹ‍ർജിയും ഹൈക്കോടതി തള്ളിയിരുന്നു. നടിയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കാൻ പ്രത്യേക കോടതി അനുവദിച്ച ഹൈക്കോടതി, വിചാരണയ്ക്ക് വനിതാ ജഡ്ജിയെയും നിയോഗിച്ചു.