കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. പ്രദീപ് കുമാറിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബേക്കൽ പോലീസ് നോട്ടീസ് നൽകി. കേസിൽ ചോദ്യം ചെയ്യലിനായാണ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

കൊല്ലം കോട്ടത്തല സ്വദേശിയാണ് പ്രദീഫ് കുമാർ. ജനപ്രതിനിധികൾ ഉൾപ്പെട്ട വലിയ ഗൂഢാലോചന നടന്നെന്നും സമഗ്ര അന്വേഷണം വേണമെന്നും ഭീഷണിക്കേസിലെ പരാതിക്കാരനായ മാപ്പുസാക്ഷി ബേക്കൽ സ്വദേശി വിപിൻലാൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിൻലാലിന്‍റെ പരാതി. ഇതിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ്കുമാർ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.  

ഫോൺരേഖകളടക്കം വിശദമായി പരിശോധിച്ചാണ് പ്രതി എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണെന്ന് ബേക്കൽ പൊലീസ് സ്ഥിരീകരിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും വിപിൻലാൽ ആരോപിക്കുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.