വുമൺ ഇൻ സിനിമ കളക്ടീവിന്റെ നിലപാടുകൾക്കെതിരെ പരസ്യമായി സർക്കാർ നിലകൊള്ളുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു
കൊച്ചി: ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സി പി എം നേതാക്കൾ ഇടനില നിന്നുവെന്ന ആരോപണം നടി ഉയർത്തുന്നു. സമാന്തരമായ അന്വേഷണം വേണം. ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും അദ്ദേഹം കൊച്ചിയിൽ ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് വിഡി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. മുഖ്യമന്ത്രി മറുപടി പറയണം. പി സി ജോർജ്ജിന് ജാമ്യം കിട്ടാനും ഒളിവിൽ പോകാനും എല്ലാം സി പി എം നേതാക്കൾ ഇടനില നിൽക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ വോട്ട് തേടാനായി മാത്രം നടിയെ ആക്രമിച്ച കേസ് ഉപയോഗിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
വുമൺ ഇൻ സിനിമ കളക്ടീവിന്റെ നിലപാടുകൾക്കെതിരെ പരസ്യമായി സർക്കാർ നിലകൊള്ളുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. കേസിൽ ഇടനില നിന്നത് ആരാണെന്ന് കൃത്യമായി അറിയാം. തെളിവുകളുടെ പിൻബലത്തിൽ അക്കാര്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് നടക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ കള്ളവോട്ടിന് കൂട്ടുനിന്നാൽ അവർക്കെതിരെ സുപ്രീം കോടതി വരെ പോകാനും തയ്യാറാണ്. സി പി എമ്മിന്റെ പഴയ തട്ടിപ്പൊന്നും നടക്കില്ലെന്ന് പറഞ്ഞ വിഡി നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വ്യക്തമാക്കി.
