എഡിജിപി എം ആർ അജിത് കുമാറിനൊപ്പം മറ്റ് പൊലീസുകാരും ട്രാക്ടറിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്‍റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. എഡിജിപിയും മറ്റ് പൊലീസുകാരും ട്രാക്ടറിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ട്രാക്ടർ ഓടിച്ച ഡ്രൈവറെയാണ് പൊലീസ് ബലിയാടാക്കിയത്. ചട്ടലംഘിച്ച് യാത്ര നടത്തിയ എഡിജിപിക്കെതിരെയല്ല ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്.

ഹൈക്കോടതി നിർദേശം മറികടന്ന് ചരക്കുനീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ 12-ാം തീയതി വൈകീട്ടാണ് ആളുകളെ കയറ്റി സന്നിധാനത്തേക്ക് പോയി. 13 ആം തീയതി അതേ ട്രാക്ടറിൽ തിരികെ പമ്പയിൽ കൊണ്ടുവന്നു. അപകടം ഉണ്ടാക്കുംവിധം യാത്ര നടത്തിയതിന്‍റെ എല്ലാ ഉത്തരവാദിത്വവും ട്രാക്ടർ ഡ്രൈവർക്കാണെന്നാണ് പൊലീസിന്‍ഫെ ഭാഷ്യം. നിയമലംഘത്തിന് പ്രേരിപ്പിച്ച എഡിജിപിയെകുറിച്ച് എഫ്ഐആറിൽ ഒരു പരാമർശവുമില്ല. KL 01- CN – 3056 എന്ന ട്രാക്ടറിന്‍റെ ആർ.സി. ഉടമ സംസ്ഥാന പൊലീസ് മേധാവിയാണ്. പത്തനംതിട്ട എസ്പിയും പമ്പ സിഐയും അറിയാതെ എഡിജിപിക്കായി പൊലീസിന്‍റെ ട്രാക്ടർ സന്നിധാനത്തേക്ക് പോകില്ല. പക്ഷെ ചട്ടവിരുദ്ധയാത്ര പുലിവാലായപ്പോൾ പൊലീസ് ഡ്രൈവറെ ബലിയാടാക്കാനാണ് ശ്രമം.

അജിത് കുമാറിന്‍റെ ട്രാക്ടർ യാത്രയിൽ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ കോടതി ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിച്ചുകൂടെയെന്നും പരിഹാസരൂപേണ ചോദിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡും പത്തനംതിട്ട എസ്പിയും വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ട്രാക്ടറോടിച്ച പൊലീസ് ഡ്രൈവറെ ബലിയാടാക്കാനുള്ള അജിത് കുമാർ അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിൽ സേനയ്ക്കുള്ളിൽ തന്നെ അതൃപ്തി പുകയുകയാണ്. അതേസമയം വകതിരിവ് എന്നൊരു വാക്കുണ്ടെന്ന് അജിത്കുമാർ ഓർക്കണമെന്നായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതികരണം.