കേസില്‍ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ എന്ന് അടിമാലി പൊലീസ് അറിയിച്ചു.
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്. കേസില്‍ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ എന്ന് അടിമാലി പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളേടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയെ, ഏതാണ്ട് പൂർണമായി തുടച്ചുനീക്കിയ മണ്ണിടിച്ചിൽ. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മാറ്റി പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിൻ്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം. പുലർച്ചെ മൂന്നരയോടെ സന്ധിയെ ജീവനോടെ പുറത്തെടുത്തു. രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലർച്ചെ നാലരയോടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.
ദേശീയപാത വികസനത്തന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. സ്ഥലത്ത് ദേശീയ പാതയുടെ നിർമാണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ദേശീയ പാത അതൊരിട്ടി കയ്യൊഴിഞ്ഞു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നുമാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

